Wednesday, 22 February 2012

പാമൊലിന്‍: വി എസ് എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പാമൊലിന്‍ കേസില്‍ തന്റെ പങ്ക് നേരത്തേ അറിയാമിയിരുന്നുവെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അഞ്ചുകൊല്ലം മുഖ്യമന്ത്രിയായിട്ടും ഒരു നടപടിയും സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാമൊലിന്‍ കേസിനെ കുറിച്ച് വി എസ് 1994-ല്‍ എഴുതിയ പുസ്തകത്തിലും തന്റെ പങ്കിനെ കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ലെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.


 ടി എച്ച് മുസ്തഫ നല്‍കിയ വിടുതല്‍ ഹരജിയില്‍ തനിയ്‌ക്കെതിരെ പരാമര്‍ശം ഉണ്ടെന്നാണ് ഇതുവരെ പറഞ്ഞത്. തനിയ്ക്ക് എല്ലാം അറിയാമായിരുന്നുവെന്നും എ, ഐ തര്‍ക്കം രാഷ്ട്രീയമായി മുതലെടുക്കാന്‍ വേണ്ടി  മിണ്ടാതിരുന്നുവെന്നുമാണ് ഇപ്പോള്‍ പറയുന്നത്. രാജിവച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി എ അഹമ്മദ് തല്‍സ്ഥാനത്ത് തുടരണമെന്നാണ് ആഗ്രഹിച്ചത്. തനിയ്ക്ക് ഒന്നും മറച്ചുവയ്ക്കാനില്ല. ആര് എന്തു പറഞ്ഞാലും ഇല്ലാത്തത് ഉണ്ടാക്കാന്‍ സാധിക്കില്ല.
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടേത് രാഷ്ട്രീയ നിയമനമാണ്. സര്‍ക്കാര്‍ മാറുമ്പോള്‍ അവര്‍ രാജിവയ്ക്കുകയോ പുതിയ സര്‍ക്കാര്‍ മാറ്റുകയോ ആണ് ചെയ്യുന്നത്. പാമൊലിന്‍ കേസില്‍ അദ്ദേഹം മാറിയുമില്ല, തങ്ങള്‍ മാറ്റിയുമില്ല. കേസ് നടത്തിപ്പു സംബന്ധിച്ച് ഇപ്പോള്‍ അദ്ദേഹം പറയുന്ന പരാതികള്‍ ഒരിക്കല്‍ പോലും സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. ഇടതുസര്‍ക്കാരിന്റെ കാലത്ത് തന്നെ പ്രതിയാക്കാമെന്ന നിയമോപദേശത്തില്‍ ഒപ്പിട്ടുകൊടുക്കാന്‍ പോലും പി എ അഹമ്മദ് തയ്യാറായിട്ടില്ല. ഇപ്പോള്‍ വി എസ് ഇല്ലാത്ത പ്രശ്‌നം കുത്തിപ്പൊക്കിക്കൊണ്ടുവരികയാണ്. വി എസ് കേസില്‍ കക്ഷിച്ചേരുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ഓരോരുത്തരുടെയും അവകാശമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

No comments:

Post a Comment