Monday, 19 December 2011




ലീഗ് മുഖ്യധാരാ പ്രസ്ഥാനമായത് കേരളത്തിന്റെ സൗഭാഗ്യം: എന്‍.എസ് മാധവന്‍
മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ ലീഗ് നിലനിന്നത് കേരളത്തിന്റെ സൗഭാഗ്യമാണെന്ന് പ്രമുഖ കഥാകൃത്ത് എന്‍.എസ്. മാധവന്‍ അഭിപ്രായപ്പെട്ടു. മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വര്‍ഗീയതയുടെ പുതിയ ഭാവങ്ങളും തിരുത്തിന്റെ സാധ്യതകളും എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയത ഇന്ന് പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനെ മനസ്സിലാക്കാനും ചെറുക്കാനും നമ്മെ പ്രാപ്തരാക്കുന്നത് ബഹുസ്വര സംസ്കാരമാണ്. വര്‍ഗീയതക്കെതിരെ പൊതു സമൂഹം പലപ്പോഴും പുലര്‍ത്തുന്ന നിശബ്ദത തിരിച്ചറിയപ്പെടേണ്ടതാണ്. കഷ്മീരില്‍ നാട്ടുകാരും സൈനികരും ഉള്‍പ്പെടെ എണ്‍പതിനായിരം പേരാണ് മരിച്ചത്. ഇതിനെയെല്ലാം നിസംഗതയോടെ കാണുകയാണ് നമ്മുടെ പതിവ്. വിയറ്റ്നാമിനെപറ്റി ഇന്നും കവിതയെഴുതുന്ന എഴുത്തുകാരും ബുദ്ധിജീവികളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വര്‍ഗീയ ഫാസിസം കാണാതെ പോവുകയാണ്. അവര്‍ ഗുരുതരമായ മൗനം അവലംബിക്കുകയാണ്. മാധ്യമങ്ങളും കോര്‍പറേറ്റുകളുമാണ് ഈ അവസ്ഥക്ക് പിന്നില്‍ എന്‍.എസ്. മാധവന്‍ കുറ്റപ്പെടുത്തി.
കോര്‍പറേറ്റ് മാധ്യമങ്ങളുടെ രീതി നാം പലപ്പോഴായി കണ്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ഓര്‍ത്തു. കഴിഞ്ഞ ദിവസമാണ് ഇറാഖ് യുദ്ധം അവസാനിച്ചത്. ഒടുവിലത്തെ ടാങ്കും ഇറാക്ക് വിട്ടു എന്ന വാര്‍ത്ത പക്ഷെ, യുദ്ധം സൃഷ്ടിച്ച ദുരന്തത്തെ ഓര്‍മ്മപ്പെടുത്തുന്നില്ല. അഞ്ച് സെന്റീമീറ്റര്‍ സാധാരണ വാര്‍ത്തയായാണ് അത് പത്രങ്ങളില്‍ വന്നത്. ഒമ്പത് വര്‍ഷം നീണ്ടുനിന്ന യുദ്ധത്തിന്റെ പര്യവസാനം ആരും ചര്‍ച്ച ചെയ്യുന്നില്ല എന്നത് എന്തുമാത്രം ഖേദകരമാണ്.
മാരുതി പ്ലാന്റില്‍ നടന്ന സമരത്തെപറ്റി നമ്മള്‍ അറിയാതെ പോയി. നാനോ കാര്‍ കമ്പനിക്കുവേണ്ടി പശ്ചിമബംഗാളില്‍ നടന്ന ഭൂമി ഏറ്റെടുക്കല്‍ നടക്കാതെ പോയപ്പോള്‍ ടാറ്റ കമ്പനിക്ക് അഭയം നല്‍കിയത് നരേന്ദ്രമോഡിയാണ്. പുതിയ വര്‍ഗീയത ചൂഷകന്മാര്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുകയാണ്. നരേന്ദ്രമോഡി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നതും ഈ ചൂഷകലോബിയാണ്. എന്‍.എസ്്്. മാധവന്‍ പറഞ്ഞു.
വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് സാധിക്കുന്നില്ലെന്ന്്് ചടങ്ങില്‍ പ്രസംഗിച്ച ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍ പറഞ്ഞു. അവര്‍ക്ക് എല്ലാവരുടെയും വോട്ട് വേണം. ആര്‍.എസ്.എസിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും വോട്ട് വേണ്ട എന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ മുസ്്ലിംലീഗ് നേതാക്കള്‍ക്ക് മാത്രമെ സാധിച്ചിട്ടുള്ളു. സി.പി.എം ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികള്‍ വോട്ടിനുവേണ്ടി അടവ് നയം സ്വീകരിക്കുകയാണ്. മതേതരത്വത്തില്‍ കേരളത്തിന്റെയും പ്രത്യേകിച്ച്്്് മലബാറിന്റെയും മാതൃക അനുകരണീയമാണ്.
വര്‍ഗീയതയെ ചെറുക്കാന്‍ കൂടുതല്‍ ഫലപ്രദമായ ബോധവല്‍ക്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി മുസ്്ലിംവിരോധം നയമായി സ്വീകിച്ചിരിക്കുകയാണ്. ശ്രീകുമാര്‍ പറഞ്ഞു. യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. അബ്ദുസമദ് ആമുഖ പ്രഭാഷണം നടത്തി. അഡ്വ. എസ്. കബീര്‍ നന്ദി പറഞ്ഞു.

No comments:

Post a Comment